ടെഹ്റാന്: രാജ്യത്തെ നിർബന്ധിത ഹിജാബ് നിയന്ത്രണങ്ങൾ അനുസരിക്കാത്ത സ്ത്രീകൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഇറാൻ. ഹിജാബ് നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്കിൽ നൽകുമെന്ന് ടെഹ്റാൻ ഹെഡ്ക്വാർട്ടേഴ്സ് ഫോർ ദി പ്രമോഷൻ ഓഫ് വൈസ് ആൻഡ് പ്രിവൻഷൻ ഹെഡ്ക്വാർട്ടേഴ്സിലെ വനിതാ-കുടുംബകാര്യ ഡിപ്പാർട്ട്മെൻ്റ് മേധാവി മെഹ്രി തലേബി ദാരെസ്താനി പറഞ്ഞു. ഹിജാബ് ലംഘനത്തിന് സെക്യൂരിറ്റി ഗാർഡുകളുടെ പീഡനത്തെ തുടർന്ന് കാമ്പസിൽ വസ്ത്രം അഴിച്ച് പ്രതിഷേധിച്ച് അറസ്റ്റിലായ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ മാനസികരോഗ്യ ആ ശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പരമോന്നത നേതാവ് അലി ഖമേനിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലുള്ള വകുപ്പിൽ നിന്നാണ് പ്രഖ്യാപനം ഉണ്ടായത്. അതേസമയം, തീരുമാനത്തിനെതിരെ സ്ത്രീപക്ഷ സംഘടനകൾ രംഗത്തെത്തി. ഇതൊരു ക്ലിനിക്കല്ല, ജയിലായിരിക്കുമെന്നതിൽ സംശയമില്ല. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജനം പാടുപെടുകയാണ്. അതിനിടയിൽ ഈ രാജ്യത്തെ ആശങ്കപ്പെടുത്തുന്നത് ഒരു തുണിക്കഷണമാണ്. നമുക്കെല്ലാവർക്കും തെരുവിലിറങ്ങാൻ ഒരു സമയമുണ്ടെങ്കിൽ അത് ഇപ്പോഴായിരിക്കും. അല്ലെങ്കിൽ അവർ ഞങ്ങളെ എല്ലാവരെയും പൂട്ടിയിടും- ദ ഗാർഡിയനോട് പേര് വെളിപ്പെടുത്താത്ത ഇറാനിയൻ സ്ത്രീ പറഞ്ഞു.
ആംനസ്റ്റി ഇൻ്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ ഇറാനിയൻ സർക്കാറിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി. പ്രതിഷേധക്കാർക്കും ഭിന്നശേഷിക്കാർക്കും നേരെ നിർബന്ധിത മരുന്നുകളുടെ ഉപയോഗത്തെയും പീഡനത്തെയും കുറിച്ച് ആശങ്കകൾ ഉന്നയിച്ചു. ഹിജാബ് ഉപയോഗിക്കാത്ത സ്ത്രീകളെ ചികിത്സിക്കാൻ ക്ലിനിക്കുകൾ സ്ഥാപിക്കുക എന്ന ആശയം പ്രാകൃതമാണ്. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തതിൻ്റെ പേരിൽ ആളുകൾ സമൂഹത്തിൽ നിന്ന് വേർപെടുത്തപ്പെടുകയാണെന്ന് യുകെ ആസ്ഥാനമായുള്ള ഇറാനിയൻ പത്രപ്രവർത്തക സിമ സബെറ്റ് പറഞ്ഞു. ഹിജാബ് ലംഘനവുമായി ബന്ധപ്പെട്ട അറസ്റ്റുകൾ, തിരോധാനങ്ങൾ, ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടലുകൾ തുടങ്ങിയ സംഭവങ്ങൾ വർധിക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
25 വയസ്സുള്ള റോഷനക് മൊലേയ് അലിഷ എന്ന യുവതിയെ ഹിജാബിൻ്റെ പേരിൽ ശല്യപ്പെടുത്തിയ ഒരാളുമായുള്ള ഏറ്റുമുട്ടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്തു. യുവതി എവിടെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022 സെപ്തംബറിൽ മഹ്സ അമിനിയുടെ മരണത്തോടെയാണ് ഇറാനിൽ ഹിജാബ് സമരം മൂർധന്യത്തിലെത്തിയത്. ഹിജാബ് നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് തടങ്കലിൽ വെച്ച അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധയമുയർന്നു.